കോവിഡിൽ സാന്ത്വനമായി "എൻ്റെ കേരളം''

കോവിഡിൽ സാന്ത്വനമായി "എൻ്റെ കേരളം''

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311   


കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുഖമില്ലാത്ത ശത്രുവിനെതിരെ മുഖാമുഖം രാപകൽ വിശ്രമമില്ലാതെ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ് ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങൾ, ശുചീകരണ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ മുതലായ സമൂഹത്തിന്റെ നാനാതുറയിലുള്ള എല്ലാ പരിശ്രമശാലികൾക്കും, കർമ്മ മേഖലകളിൽ ഊർജം പകർന്നു കൊണ്ട് അദ്ധ്വാനതത്പരരായി പ്രവർത്തിക്കുന്നവർക്ക് ഒരു മെയ്ദിന സമ്മാനമായി 'എന്റെ കേരളം'  കവിതസമർപ്പിച്ച ആയുർവേദ ഡോക്ടർ ശ്രദ്ധേയനാകുന്നു.

തിരുവനന്തപുരം ആയുർവേദ കോളേജിലെ ആർ.എം.ഒയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ: എസ്. ഗോപകുമാർ ആണ് ആയുർവേദ രംഗത്തുള്ളവർക്ക് അഭിമാനമായിരിക്കുന്നത്. മികച്ച ആയുർവേദ അദ്ധ്യാപകനുള്ള മികച്ച പുരസ്‌കാരം വാങ്ങിയിട്ടുള്ള ഇദ്ദേഹം 2018 ൽ ബ്രിട്ടിഷ് പാർലമെൻറിൽ അന്തർദേശീയ യോഗദിനത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത് അവതരിപ്പിച്ച പ്രബന്ധം ലോക ആയുർവേദ രംഗത്ത് കേരളത്തിന് വളരെയെറെ ശ്രദ്ധ നേടാൻ സഹായിച്ചിട്ടുണ്ട്. അതിനുള്ള അംഗീകാരം തന്നെയാണ് സംസ്ഥാന സർക്കാർ ഗോപകുമാറിനെ കേരള ആയുഷ് വകുപ്പ് രൂപീകരിച്ച കോവിഡ് റെസ്‌പോൺസ് സെല്ലിന്റെ ദക്ഷിണമേഖല ചെയർമാനായ് പ്രവർത്തിക്കാൻ അവസരം നല്കിയതും.'എന്റെ കേരളം' ഈ കോവിഡ് കാലത്തും ഒരു സ്വാന്തനമാകുന്നു.

 

എന്റെ കേരളം 
---------------------------------
കാലനണുരൂപനായ് കലിയുഗക്കളരിയിൽ, 
കണ്ഠത്തിലിടറുന്ന പ്രാണനെക്കവരവേ...
കവചമായ് പരിചയായ്  കനിവിൻ കരുത്തുമായ് 
കാലിടറാതെ പൊരുതുന്ന നാടാണ് കേരളം... 

ജ്വരക്കട്ടിലോരത്ത് തൂവെള്ള ദേവകൾ 
വരമരുന്നേകുന്ന വീടാണ് കേരളം... 
ആർത്തന്റെ ബോധനൂലറ്റം പിടിക്കുന്ന,  
ആർദ്രമാലാഖ തൻ  മിഴിയാണ് കേരളം... 

വാക്കിൻ  മുനക്കത്തി രുധിരം ചുരത്താത്ത,  
കാക്കിതൻ കാവലിൻ തണലാണ് കേരളം... 
വെയിലുരുകി വീഴുന്ന വഴികളിൽ നീതിതൻ 
വിധിവാക്കുതിർക്കുന്ന നാവാണ് കേരളം... 

കുഞ്ഞിന്റെ കണ്ണുനീരുപ്പിൽ കലങ്ങാത്ത, 
കഞ്ഞിക്കലങ്ങൾ തൻ വറ്റാണ് കേരളം... 
വറ്റാത്ത കരുതലിന്ന ക്ഷയപാത്രത്തി-
ലുറ്റവർക്കുയിരൂ ട്ടുമമൃതാണ് കേരളം...

നോവിന്റെ കാഴ്ചകൾ ഹൃദയത്തിലൊപ്പുന്ന,  
നേരിന്റെ ക്യാമറക്കണ്ണാണ് കേരളം... 
തൂലികത്തുമ്പിലെ സാന്ത്വനപ്പാലുണ്ട്,  
തോൽക്കാത്ത മസ്തിഷ്കബോധമെൻ കേരളം... 

വിജനജനപഥത്തെരുവുകൾ പൂക്കുവാൻ,  
പ്രജകളരചരായ് പൊരുതുന്ന കേരളം... 
തളരാതെ തകരാതെ വരളാതെ വളരുന്ന,  
തലയെടുപ്പിൻ വിശ്വവിനയമെൻ കേരളം...  

പ്രത്യയശാസ്ത്രകൊടിക്കൂറനൂലുകൾ,  
മർത്യസ്നേഹാർദ്രമായ് പുണരുന്ന കേരളം... 
സഹ്യ ശൈലജതരുലതകൾ കാക്കുന്ന,  
മഹാവിജയതീരമേ,  നിൻ പേര് കേരളം...